ദില്ലി: പുതുവര്‍ഷത്തിലെ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്‍റെ 28മത്തെ പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ഉപദേശങ്ങളാണ് നല്‍കിയത്.
പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച മോദി പരീക്ഷയെ ചിരിച്ചു കൊണ്ട് നേരിടണമെന്ന് പറഞ്ഞു. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ മോദി ശ്രമിച്ചത്.
രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികര്‍ക്കു വേണ്ടി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗന പ്രാര്‍ഥനയ്ക്ക് തീരുമാനിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. കശ്മീരിലെ ഹിമപാതത്തില്‍ മരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയവര്‍ക്കും അവരുടെ കുടുംബത്തിനും മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും മോദി സംസാരിച്ചില്ല.
