ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ കണ്ടെത്താനും രക്ഷിക്കാനും സാധിച്ചിട്ടില്ല. പ്രളയത്തില്‍ സങ്കീര്‍ണസാഹചര്യം നിലനില്‍ക്കുന്ന ചെങ്ങന്നൂരില്‍ കനത്ത മഴയ്ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതി വലിയ ദുരന്തം സൃഷ്ടിക്കുന്ന അവസ്ഥയില്‍ 3000 പൊലീസുകാരെയും 150 ബോട്ടുകളും കൂടുതലായി വിന്യസിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ കണ്ടെത്താനും രക്ഷിക്കാനും സാധിച്ചിട്ടില്ല. പ്രളയത്തില്‍ സങ്കീര്‍ണ സാഹചര്യം നിലനില്‍ക്കുന്ന ചെങ്ങന്നൂരില്‍ കനത്ത മഴയ്ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചെങ്ങന്നൂര്‍- തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രി വീണ്ടുമാരംഭിച്ച ശക്തമായ മഴ തുടരുകയാണ്. ആറന്‍മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റും തുടരുന്നു. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്.
ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ പുരോഗമിച്ചു. എന്നാല്‍ രാത്രിയും കനത്തമഴയും വെളിച്ചക്കുറവുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാവുന്നുണ്ട്.
ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇന്നലെ പറഞ്ഞതുപോലെ ഒറ്റപ്പെട്ട സാഹചര്യം തന്നെയാണ് ചെങ്ങന്നൂരില്‍ നിലനില്‍ക്കുന്നത്. തിരുവല്ലയിലെ പല പ്രദേശങ്ങളിലും സമാന സാഹചര്യം നിലനില്‍ക്കുകയാണ്. ജില്ലയിലെ ഈ സാഹചര്യം വിലയിരുത്തിയാണ് 3000 പൊലീസുകാരെയും 150 ബോട്ടുകളും വിന്യസിച്ചിരിക്കുന്നത്.
