അഞ്ചു വര്‍ഷത്തിനിടെ പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം 68 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം 334 ബില്യണ്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം 25 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതില്‍ നിന്നുള്ള വരുമാനം 446.4 ബില്യണ്‍ റിയാലായിരുന്നു. അതേസമയം അടുത്തിടെ പ്രഖ്യാപിച്ച ചിലവ് ചുരുക്കല്‍ നടപടികള്‍ രാജ്യത്തെ പൊതു ചിലവ് 19 ശതമാനം കുറക്കുന്നതിന് സഹായിക്കും.

എന്നാല്‍ ഈ വര്‍ഷം പെട്രോളിയം ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം 180 ബില്യണ്‍ റിയാലായി ഉയരും. ആകെ വരുമാനത്തില്‍ പെട്രോള്‍ ഇതര മേഖലയുടെ സംഭാവന ഈ വര്‍ഷം 35 ശതമാനമായി വര്‍ദ്ധിക്കും. 2030ഓടെ പെട്രോളിയം ഇതര മേഖലയില്‍നിന്നുള്ള വരുമാനം ഒരു ട്രില്യണ്‍ റിയാലായി ഉയര്‍ത്തുന്നതിനാണ് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്.