ന്യൂഡല്‍ഹി: അപ്രതീക്ഷിത നീക്കത്തിലൂടെ ലാലു പ്രസാദ് യാദവിന്റെ മക്കൾക്കെതിരെ ആദായ നികുതി വകുപ്പ് നടപടി. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മകൾ മിസ ഭാരതി, മിസയുടെ ഭർത്താവ് ശൈലേഷ് കുമാർ എന്നിവരുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. കൂടാതെ ലാലു പ്രസാദ് യാദവിന്റെ ബന്ധുക്കൾ ഉൾപ്പെടുന്നവരുടെ ബിനാമി ഇടപാടുകൾ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടു.

ആയിരം കോടി രൂപ കണക്കാക്കിയ ബിനാമി ഭൂമി ഇടപാടുകളും നികുതി വെട്ടിപ്പും സംബന്ധിച്ച കേസിൽ ഇവർക്കെതിരെ നേരത്തേ തന്നെ ആദായ നികുതി വകുപ്പ് വാറണ്ട് നൽകിയിരുന്നു. മൂവരും ബിനാമി പേരിൽ സ്വത്തുക്കൾ വാങ്ങിയതായാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.175 കോടി മതിപ്പ് വിലയുള്ള സ്വത്തുക്കൾക്ക് 9.32 കോടി രൂപ മാത്രമാണ് വിലയായി കാണിച്ചിരിക്കുന്നത്. ദില്ലിയിലെ ആഢംബരവീട് അടക്കം വിവിധ ഫാം ഹൗസുകളും ഇതിൽ ഉൾപ്പെടുന്നു. രാജേഷ് കുമാർ എന്ന് പേരുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലാണ് മൂവരും സ്വത്തുക്കൾ വാങ്ങിയതെന്നാണ് സംശയം. ഇയാളെ നേരത്തേ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു.