ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ നിന്നും നോബല്‍ പുരസ്‌കാരം മോഷണം പോയതായി പരാതി. ഡല്‍ഹിയിലെ അളകനന്ദയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം.

നോബല്‍ പുരസ്‌കാരത്തിന്റെ പകര്‍പ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതില്‍പെടുന്നു. നോബല്‍ സമ്മാനത്തിനൊപ്പം പ്രധാനമന്ത്രി നല്‍കിയ ഗാന്ധിയുടെ കണ്ണടയും മോഷണം പോയതായി സത്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. നിയമപ്രകാരം നോബല്‍ പുരസ്കാരത്തിന്‍റെ ശരിപകര്‍പ്പ് രാഷ്ട്രപതി ഭവനിലാണ് സൂക്ഷിക്കുന്നത്. യഥാര്‍ത്ഥ പകര്‍പ്പാണെന്ന് കരുതിയാകാം ഇത് മോഷ്ടിച്ചതെന്നാണ് പോലീസ് ഭാഷ്യം. 380ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

2014ല്‍ സമാധാനത്തിന് മലാല യൂസഫ് ഷായ്ക്ക് ഒപ്പമാണ് സത്യാര്‍ത്ഥിക്കും പുരസ്‌കാരം ലഭിച്ചത്. കുട്ടികള്‍ക്കായി ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനായ സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.