ദില്ലി: യു എന്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെ ടെററിസ്ഥാനെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകരതയ്ക്ക് സഹായം നല്‍കുന്നത് ഇന്ത്യയാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ഭീകരവാദത്തിന് പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ എങ്ങനെ ഭീകരവാദത്തിന്‍റെ ഇരയായി സ്വയം ചിത്രീകരിക്കുന്നെന്നായിരുന്നു ഇന്ത്യയുടെ മറു ചോദ്യം.

പാക്ക് പ്രധാനമന്ത്രി ഷാഹിദ് ക ഖ്വാന്‍ അബ്ബാസിയുടെ പ്രസംഗത്തിന് മറുപടി നല്‍കിയത് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറാണ്. പാക്കിസ്ഥാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തുന്നത് ഭീകരവാദമാണ്. ഭീകരവാദികളെ സൃഷ്ടിക്കുകയും അവരെ കയറ്റി അയക്കുകയുമാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതോടെ പാക്കിസഥാനൊരു ടെറിറിസ്ഥാനായി മാറിയെന്നായിരുന്നു ഇന്ത്യയുടെ വാദം.

മുല്ല ഒമറിനും ഒസാമ ബില്ലാദിനും ഹാഫിസ് സെയ്ദിനും സുരക്ഷിത താവളങ്ങള്‍ നല്‍കിയ പാക്കിസ്ഥാന്‍ ഭീകരവാദത്തിന് എതിരെ സംസാരിക്കുന്നത് അതിശയകരമാണെന്ന് പറഞ്ഞ ഈനം ഗംഭീര്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരവാദത്തിന്‍റെ തെളിവുകളും നിരത്തി. തുടര്‍ന്ന് ഷാഹിദ് ക ഖ്വാന്‍ അബ്ബാസിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.