ഉത്തരകൊറിയയേയും ദക്ഷിണകൊറിയയേയും മാതൃകയാക്കി ഇന്ത്യയും പാകിസ്താനും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള ശ്രമങ്ങളാരംഭിക്കണമെന്ന് പാക് മാധ്യമങ്ങള്‍

ദില്ലി: മൂന്നാം ലോകമഹായുദ്ധത്തിന് വക്കില്‍ നിന്നും സമാധാനഉച്ചകോടിയിലേക്ക് തിരിച്ചു വന്ന ഉത്തരകൊറിയയേയും ദക്ഷിണകൊറിയയേയും മാതൃകയാക്കി ഇന്ത്യയും പാകിസ്താനും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള ശ്രമങ്ങളാരംഭിക്കണമെന്ന് പാക് മാധ്യമങ്ങള്‍. പ്രമുഖ പാക് മാധ്യമമായ ഡോണ്‍ കൊറിയന്‍ മാതൃകയില്‍ ഒരു സമാധാന ഉച്ചകോടിക്കായി ഇരുരാജ്യങ്ങളും പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഒരു രാജ്യമായി നിലകൊണ്ട രണ്ട് രാജ്യങ്ങള്‍ കഴിഞ്ഞ 71 വര്‍ഷത്തിനിടയ്ക്ക് മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. ഇതിനു സമാനമായ ചരിത്രമാണ് വടക്കുതെക്ക് കൊറിയകള്‍ക്കുമുള്ളത്. രേഖകളിലെങ്കിലും 65 വര്‍ഷത്തോളമായി യുദ്ധത്തിലേര്‍പ്പെട്ട രണ്ട് രാജ്യങ്ങള്‍ പക്ഷേ ഇപ്പോള്‍ വൈരം മറന്ന് രമ്യതയിലെത്തിയെന്ന് ഡോണിന്റെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറിയന്‍ ഉച്ചകോടിയിലൂടെയുണ്ടായ സമാധാന അന്തരീക്ഷത്തേയും പ്രതീക്ഷകളേയും 1999-ല്‍ മുന്‍ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയ് നടത്തിയ ലാഹോര്‍ യാത്രയിലൂടെയുണ്ടായ സാഹചര്യങ്ങളോടാണ് ഡോണ്‍ ഉപമിക്കുന്നത്. ലാഹോര്‍ യാത്രയോടെ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണര്‍ന്നെങ്കിലും കാര്‍ഗിലില്‍ പാക് സൈന്യം നുഴഞ്ഞു കയറിയതോടെ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് വഴി മാറി. 

ഓരോ തവണ ഇന്ത്യ-പാകിസ്താന്‍ സമാധനചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും പാക് സൈന്യമോ തീവ്രവാദികളോ അത് അട്ടിമറിക്കുന്നതാണ് ചരിത്രം. പാകിസ്താന്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാതെ ഇനി സമാധാന ചര്‍ച്ചകള്‍ വേണ്ടെന്ന ശക്തമായ നിലപാട് ഇന്ത്യ എടുത്തതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധം പോലും സ്തംഭിച്ച അവസ്ഥയാണ്.