ദില്ലി: തീവ്രവാദത്തിനെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ-ഓസ്‍ട്രേലിയ ധാരണ. ഇതടക്കം ആറ് കരാറുകളില്‍ ഇന്ത്യയും ഓസ്‍ട്രേലിയയും ഒപ്പുവച്ചു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‍ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും മെട്രോ യാത്ര നടത്തി.

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കും. സൈബര്‍ സുരക്ഷയ്‌ക്ക് ഊന്നല്‍ നല്‍കും. ഭീകരാക്രമണവും കുറ്റകൃത്യങ്ങളും തടയാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. വ്യോമസുരക്ഷ, പരിസ്ഥിതി, കായികം, ആരോഗ്യം, ബഹിരാകാശം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു. ഇന്ത്യ-ഓസ്‍ട്രേലിയ ബന്ധം മെച്ചപ്പെടുത്തുന്നതിന് ടേണ്‍ബുള്ളിന്റെ സന്ദര്‍ശനം വഴിയൊരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഓസ്‍ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടരുമെന്ന് ടേണ്‍ബുള്‍ ഉറപ്പ് നല്‍കി. മണ്ഡി ഹൗസ് സ്റ്റേഷനില്‍ നിന്ന് മെട്രോയില്‍ കയറിയ നരേന്ദ്ര മോദിയും ടേണ്‍ബുള്ളും യാത്ര അവസാനിപ്പിച്ചത് അക്ഷര്‍ധാം സ്റ്റേഷനില്‍. അക്ഷര്‍ധാം ക്ഷേത്ര സന്ദര്‍ശനവും തോണി യാത്രയും നടത്തിയ ശേഷമാണ് മടങ്ങിയത്. നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മാല്‍ക്കം ടേണ്‍ബുള്‍ നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച നടത്തും.