ദില്ലി: ഡോക്ലാം തര്‍ക്കം രൂക്ഷമായിരിക്കെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഭൂട്ടാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദോക്ലാമില്‍ ഗ്രാമീണരെ ഒഴിപ്പിക്കുന്നു പ്രചരണം ഇന്ത്യ തള്ളി. തര്‍ക്കങ്ങള്‍ക്കിടെ സെപ്റ്റംബര്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകും.

3488 കിലോമീറ്റര്‍ വരുന്ന ഇന്ത്യ - ചൈന അതിര്‍ത്തിയിലെ തര്‍ക്കമേഖലയായ ഡോക്ലാമില്‍ നിന്ന് ഗ്രാമീണരോട് ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ ഒരു ചൈനീസ് മാധ്യമം പുറത്തുവിട്ടിരുന്നു. യുദ്ധത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെന്നും ചൈനീസ് മാധ്യമം വിശദീകരിച്ചു. എന്നാല്‍ അത്തരം നീക്കം ഉണ്ടായിട്ടില്ലെന്ന് കരസേന വ്യക്തമാക്കി. ആക്രമണമുണ്ടായാല്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തത്. നിലവില്‍ സംഘര്‍ഷ സാധ്യത ഇല്ലെന്നും സൈന്യം അറിയിച്ചു. പ്രശ്‌നത്തില്‍ ഇരുരാജ്യങ്ങളിലെയും കരസേന ഉദ്യോഗസ്ഥര്‍ തമ്മില്‍ നാഥുലാപാസില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. തര്‍ക്കങ്ങള്‍ക്കിടെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജും ഭൂട്ടാന്‍ പ്രധാനമന്ത്രി ദാച്ചോ ദോര്‍ജിയും നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകുന്നുണ്ട്. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇരുരാജ്യ തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് അന്ന് സാധ്യതയുണ്ട്.