ദില്ലി:ഗൂഗിളിന്റെ മാപ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്ട്രീറ്റ് വ്യൂ പദ്ധതിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ട്രീറ്റ് വ്യൂവിന് അനുമതി നിഷേധിച്ചത്. ഇതുവരെ കാണാത്ത ഇടങ്ങളിലേയ്ക്ക് ഓണ്‍ലൈനായി എത്താനും 360 ഡിഗ്രിയില്‍ ഈ സ്ഥലങ്ങള്‍ ചുറ്റിക്കാണാനുമുള്ള സൗകര്യം നല്‍കുന്നതാണ് സ്ട്രീറ്റ് വ്യൂ പദ്ധതി. ലോകാത്ഭുതങ്ങളും മറ്റ് പ്രധാനടൂറിസ്റ്റ് നഗരങ്ങളുമാണ് സ്ട്രീറ്റ് വ്യൂ പദ്ധതിയില്‍ ഉണ്ടാകാറ്. 

സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തുന്നതിനായി രാജ്യത്തെ പ്രധാനനഗരങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ളവ ഷൂട്ട് ചെയ്യാന്‍ ഗൂഗിള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ തന്ത്രപ്രധാനമേഖലകളുള്‍പ്പടെ ഉള്ളവ ചിത്രീകരിയ്ക്കാന്‍ അനുമതി നല്‍കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളടക്കം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് പദ്ധതിയ്ക്ക് അനുമതി നിഷേധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.