ഇന്ത്യ--അമേരിക്ക ആണവ കരാറിന്റെ ഭാഗമായി 2008 സെപ്റ്റംബറിലാണ് മിസൈൽ സാങ്കേതിക വിദ്യ നിയന്ത്രണ സംവിധാനമായ എംടിസിആറിൽ അംഗ്വത്വത്തിനായുള്ള മാർഗ നിർദ്ദേശങ്ങൾ ഇന്ത്യ അംഗീകരിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ അപേക്ഷ നൽകിയെങ്കിലും ഇറ്റലിയുടെ എതിർപ്പ് തിരിച്ചടിയായി. കടൽക്കൊലക്കേസിൽ അറസ്റ്റിലായ ഇറ്റാലിയൻ നാവികർക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാനായതോടെ ഇറ്റലി എതിർപ്പ് പിൻവലിച്ചു. തടസ്സം നീങ്ങിയതോടെ ദില്ലിയിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ലക്സംബർഗ് രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതിമാരുടെ സാന്നിധ്യത്തിൽ വിദേശകാര്യ സെക്രട്ടറി എസ് ജയ് ശങ്കർ അംഗത്വ കരാറിൽ ഒപ്പുവച്ചു.
മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ എണ്ണം ഇതോടെ 35 ആയി. ഇതോടെ ഇന്ത്യക്ക് മിസൈൽ സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യാം. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകൾ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാം. രാസ-, ജൈവ, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകളും ഇന്ത്യക്ക് വികസിപ്പിക്കാം. എൻഎസ്ജി അംഗത്വം നേടാൻ സോളിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ മിസൈൽ ശക്തികളുടെ സംഘത്തിൽ അംഗമാകാൻ കഴിഞ്ഞത് ഇന്ത്യക്ക് നേട്ടമായി.
