ദില്ലി: ഇസ്രയേലിൽനിന്ന് 1,600 ടാങ്ക് വേധ മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറിൽനിന്ന് ഇന്ത്യ പിൻമാറി. ഇസ്രേയേൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയുധ ഇടപാടു കമ്പനിയായി റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസാണ് 3400 കോടി രൂപ ചെലവുവരുന്ന കരാർ ഇന്ത്യ റദ്ദാക്കുന്ന വിവരം അറിയിച്ചത്. കരാർ റദ്ദാക്കിയതോടെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ(ഡിആർഡിഒ) നേതൃത്വത്തിൽ മിസൈലുകൾ വികസിപ്പിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്.
പ്രതിരോധമന്ത്രാലയം മാസങ്ങൾക്കുമുന്പേ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിരുന്നെങ്കിലും റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസിന് കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയത്. കരാർ റദ്ദാക്കാൻ തീരുമാനം കൈക്കൊണ്ട അതേസമയത്തു തന്നെയാണ് ഇസ്രയേൽ കമ്പനിയിൽനിന്ന് 131 ബാരക് ഭൗമോപരിതല മിസൈലുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഏഴു കോടി ഡോളറിന്റെയാണ് ഈ ഇടപാട്. കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിലും തുടർന്നും പ്രതിരോധമന്ത്രാലയവുമായി ഇടപാടുകൾ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഡ്രോണുകൾക്കും ശത്രുവിമാനങ്ങൾക്കും നേരെ പ്രയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഇന്ത്യയും ഇസ്രായേലും ചേർന്നു കരസേനയ്ക്ക് വേണ്ടി ദീർഘദൂര സ്പൈക്ക് മിസൈലുകൾ വികസിപ്പിക്കാനായിരുന്നു പദ്ധതി.
ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തെ മിസൈൽ നിർമാതാക്കളായ കല്ല്യാണി ഗ്രൂപ്പുമായി കൈകോർത്ത് പ്രാരംഭഘട്ട പ്രവർത്തനങ്ങളും ഇസ്രയേൽ ആരംഭിച്ചിരുന്നു. മിസൈൽ നിർമാണത്തിനായുള്ള ചെറു ഉപകരണ യൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റിൽ ഹൈദരാബാദിൽ നടക്കുകയും ചെയ്തു. ഇതിനുശേഷമാണ് കരാറിൽനിന്നു പിൻമാറാൻ ഇന്ത്യ തീരുമാനിച്ചത്.
സൈനികർക്കു വഹിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഫയർ ആൻഡ് ഫോർഗെറ്റ് ഇനത്തിൽപ്പെട്ടതാണ് സ്പൈക്ക് മിസൈൽ. ടാങ്ക് ഉൾപ്പെടെയുള്ള നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ് ഇത്. അമേരിക്കയുടെ ജാവ്ലിൻ മിസൈലുകളെ മറികടന്നാണ് 2014 ൽ ഇന്ത്യ സ്പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്.
