പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയെന്ന് യുഎസ് ചാരമേധാവിയുടെ മുന്നറിയിപ്പ് .

വാഷിങ്ടണ്‍: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയെന്ന് യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. ബിജെപി ഹിന്ദു ദേശീയതാ വിഷയങ്ങളില്‍ ഊന്നി മുന്നോട്ടുപോയാല്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്നും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് പറഞ്ഞു . അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയിലാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കിയത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികളെ കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു പരാമര്‍ശമുളളത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബിജെപി ഹിന്ദുദേശീയതയിലൂന്നിയാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയില്‍ വര്‍ഗീയ- സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമെന്ന് ഡാന്‍ കോട്‌സ് സെലക്ട് കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ബിജെപി സ്വീകരിച്ച നയങ്ങള്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാമുദായിക സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും ഡാന്‍ കോട്സ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ അണികളെ സജീവമാക്കാനായി പ്രാദേശിക ഹിന്ദു ദേശീയവാദി നേതാക്കള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്.