ഇന്ത്യന്‍ റെവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്താണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നികുതി നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയത്. ബജറ്റില്‍ പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കാനാണ് സാധ്യത. അതേ സമയം ബാങ്കുകള്‍ അടുത്ത വര്‍ഷം പലിശ നിരക്ക് കുറച്ചേക്കുമെന്നും സൂചനയുണ്ട്. 

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രമുഖ ബാങ്കുകളുടെ മേധാവികള്‍ കൂടിയാലോചന നടത്തി. ഭവനവാഹന വായ്പ നിരക്കുകള്‍ കുറച്ച് ഇപ്പോഴത്തെ തിരിച്ചടി മറികടക്കുകയാണ് ലക്ഷ്യം. അതേസമയം നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങളുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. എന്നാല്‍ ദില്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആവശ്യത്തിന് പണം കിട്ടാത്ത അവസ്ഥയാണുള്ളത്.  

നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള നടപടികളെകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. ബജറ്റില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ചയായതായാണ് സൂചന.