അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ഉറപ്പുവരുത്താന്‍ ഇന്ത്യ-പാക് ധാരണ

ദില്ലി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായി. ഇന്ത്യാ പാക് സൈനിക ഓപ്പറേഷന്‍സ് മേധാവിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനിടെയാണ് സമാധാനത്തിന് ഇന്ത്യ പാകിസ്ഥാന്‍ ധാരണ.

ഹോട്ട്ലൈനിലൂടെ ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും സൈനിക ഓപ്പറേഷന്‍സ് മേധാവിമാര്‍ നടത്തിയ ചര്‍ച്ചയില്‍ 2003ല്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാൻ തീരുമാനിച്ചു. സംഘര്‍ഷമുണ്ടായാൽ ഉടനടി ഫ്ലാഗ് മീറ്റിങ് വിളിച്ച് പരിഹാരം കാണും. ഇക്കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാനാണ് ആദ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.

കഴിഞ്ഞ 13 ദിവസത്തിനിടെ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം പതിനഞ്ചലധികം പ്രദേശവാസികളാണ് മരിച്ചത്. അഖ്നൂര്‍ മേഖലയില്‍ നിരവധി പാകിസ്ഥാന്‍ ബങ്കറുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം തിരിച്ചടി നടത്തിയെങ്കിലും പാക് പ്രകോപനം തുടര്‍ന്നു.

അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കരസേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിങ്ങിനെയും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നപരിഹാരത്തിനുള്ള നീക്കം നടന്നത്.