കുവൈത്തില്‍ മലയാളി നഴ്‌സിനു കുത്തേറ്റ സംഭവത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ നിര്‍ദേശം നല്‍കി. ചെവാഴ്ച രാവിലെയാണ് ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജോയ്ക്ക് അബ്ബാസിയയിലെ ഫ്‌ളാറ്റിന്റെ വാതിക്കല്‍ വച്ച് ഒരു അക്രമിയില്‍ നിന്ന് കുത്തേറ്റത്. ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുമുണ്ട്. പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടി ചില സാമൂഹ്യ പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തതിന് മറുപടിയായിട്ടാണ് സുഷമ സ്വരാജ് റിട്വീറ്റിലൂടെ എംബസിക്ക് നിര്‍ദ്ദേശം നല്കിയതായി വ്യക്തമാക്കിയത്. മലയാളികള്‍ ഏറെ താമസിക്കുന്ന അബ്ബാസിയ എരിയായി നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അരങ്ങേറിയത്. വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ കഴിഞ്ഞ മാസം ഫര്‍വാനിയ ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നിട്ടും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളത്. അബ്ബാസിയ റസിഡന്‍സ് അസോസിയേഷന്റെ നേത്യത്വത്തില്‍ ആക്രമത്തന് ഇരയായവര്‍ക്ക് വേണ്ടുന്ന നിയമ സഹായം നല്‍കി വരുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് നേരെ തുടരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി രംഗത്തു വന്നത് മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.