ദില്ലി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യ വിട്ടയച്ച ഭീകരനാണെന്ന് അന്വേഷണ സംഘം. ഷഹിദ് ലത്തീഫ് എന്ന ഇന്ത്യ വിട്ടയച്ച തീവ്രവാദിയാണ് ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന് സഹായം നല്‍കിയതെന്നാണ് എന്‍ഐഎയുടെ നിഗമനം.

പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2010ല്‍ ഷഹിദ് ലത്തീഫ് ഉള്‍പ്പെടെയുള്ള ഇരുപത്തിയഞ്ച് തീവ്രവാദികളെ യു പി എ സര്‍ക്കാര്‍ വിട്ടയച്ചത്. 2010 മെയ് എട്ടിന് വാഗ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ ലത്തീഫാണ് പഠാന്‍കോട്ട് വ്യോമത്താവളം ആക്രമിക്കുന്നതിനായി ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതെന്നാണ് എന്‍ഐഎ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറുമായി ലത്തീഫിന് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിനിടെ മസൂദ് അസറിനെതിരെയും സഹോദരന്‍ റൗഫിനെതിരെയും ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. എന്‍ഐഎയുടെ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. ലത്തീഫിനെതിരെയും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന ഇന്ത്യന്‍ സംഘത്തിന് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിക്കായി പാക് സര്‍ക്കാരുമായി വീണ്ടും ബന്ധപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.