ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ നാളെ ഒപ്പിടും. ഇതിനായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സൗദിയില്‍ എത്തി. നാളെ ഉച്ചയ്ക്ക് ജിദ്ദയിലെ ഹജ്ജ് മന്ത്രാലയം ഓഫീസില്‍ വെച്ചാണ് ഇന്ത്യയും സൗദിയും തമ്മില്‍ ഹജ്ജ് കരാര്‍ ഒപ്പ് വെക്കുക. ഇതിനായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയിലെത്തി. സൗദി ഹജ്ജ് മന്ത്രി മുഹമ്മദ്‌ സാലിഹ് ബന്തനുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

സൗദി ഹജ്ജ് മന്ത്രാലയം പ്രതിനിധികളും, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി പ്രതിനിധികളും, ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍, ഹജ്ജ് കോണ്‍സുല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. 1,70,025 ആണ് ഇന്ത്യയുടെ നിലവിലുള്ള ഹജ്ജ് ക്വാട്ട. ഇതില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൗദിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, സൗദിയിലെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഇന്ത്യയിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാനുള്ള അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി സൗദി ഹജ്ജ് മന്ത്രിയോട് ഉന്നയിക്കുമെന്നാണ് സൂചന.