ട്വീറ്റിനെ തുടര്‍ന്ന് മാലിദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സര്‍ക്കാര്‍ ആശങ്ക അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്
ദില്ലി: മാലിദ്വീപില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി ലീഡര്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. മാലിദ്വീപില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നാല്‍ ഇന്ത്യ മാലിദ്വീപിനെ ആക്രമിക്കണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത്.
ട്വീറ്റിനെ തുടര്‍ന്ന് മാലിദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സര്‍ക്കാര്‍ ആശങ്ക അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മാലിദ്വീപ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാലിദ്വീപിലെ ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്തെ കീഴടക്കണമെന്നായിരുന്നു സ്വാമി ആവശ്യപ്പെട്ടത്.
''രാജ്യം പിടിച്ചടക്കി മാലിദ്വീപിലെ ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. ഞാന്‍ സര്‍ക്കാരിന്‍റെ പ്രതിനിധിയല്ല'' - സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സെപ്തംബര്‍ 23 ന് നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് മാലിദ്വീപിലെ മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. സ്വാമിയുടെ ട്വീറ്റിനോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
