പുൽവാമ ആക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ  ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായാണ് സൂചന.

പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം  ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു.  21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.   

പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി. പശ്ചിമ എയര്‍ കമാന്‍റാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്

പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാനുള്ള തിരിച്ചടി പ്രധാനമന്ത്രി നേരിട്ടെടുത്ത തീരുമാനമെന്നാണ് വിവരം. ആക്രമണത്തിന്‍റെ വിവരങ്ങൾ അജിത് ദോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു.  ഇന്ത്യയുടെ തിരിച്ചടി ശരിയായ തീരുമാനമെന്ന് സിആർപിഎഫ് മുൻ ഡയറക്ടർ ജനറൽ പ്രകാശ് മിശ്ര വിശദീകരിച്ചു. ഇന്ത്യൻ ജവാൻമാരോട് ചെയ്തതിനുളള ശരിയായ പ്രതികാരമാണിതെന്നും പ്രകാശ് മിശ്ര പ്രതികരിച്ചു. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ തിരിച്ചടി നടത്തിയതിന് പിന്നാലെ വ്യാമസേനാ പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു

ഇന്ത്യൻ സൈന്യം നടക്കിയ വ്യോമാക്രമണത്തിന്‍റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്ത് വിട്ടിട്ടുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്‍റെ എഫ് 16 യുദ്ധ വിമാനങ്ങൾ  ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യത്തിന്‍റെ മിറാഷ് വിമാനങ്ങളുടെ കരുത്ത് തിരിച്ച് തിരിച്ചറിഞ്ഞ് മടങ്ങുകയായിരുന്നു. പന്ത്രണ്ട് മിറാഷ് വിമാനങ്ങളാണ് പാക് മണ്ണിൽ പ്രത്യാക്രമണത്തിന് പോയത്. 

പാകിസ്ഥാന കരസേന വക്താവ് ബാൽകോട്ടെന്നാണ് വിശദീകരിക്കുന്നത് . അങ്ങനെ എങ്കിൽ ആക്രമണം നടന്നത് പാകിസ്ഥാനുള്ളിൽ തന്നെയാണ്. ഈ മേഖലയിൽ നിരവധി ഭീകര ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നതായി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം  പാക് അധീന മേഖലയിലെ ബാലാകോടിലാണ് ആക്രമണം നടന്നതെന്നാണ് കരസേന മേധാവി പറയുന്നത്. നിയന്ത്രണ രേഖ മാത്രമാണ് ഇന്ത്യ ലംഘിച്ചതെന്നും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നുമാണ് പാകിസ്ഥാന്‍റെ ഏറ്റവും ഒടുവിലെ വിശദീകരണം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു

ഉറി,പഠാൻകോട്ട് ഭീകരാക്രമണങ്ങൾക്ക് ബദലായി ഇന്ത്യ മുൻപ് മിന്നലാക്രമണം നടത്തിയിരുന്നു. അന്ന് കരസേന പാക് അധീന പ്രദേശത്തേക്ക് കടന്ന് കയറി ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങി എത്തുകയും ചെയ്തിരുന്നു. കരസേനയുടെ ഇത്തരം ആക്രമണം മുന്നിൽ കണ്ട് പാകിസ്ഥാൻ ചെറുത്ത് നിൽപ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങിയതെന്നാണ് വിവരം.