ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാൻ സേനാമേധാവി ജനറൽ റഹീൽ ഷരീഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ ഇന്ത്യാ പാകിസ്ഥാൻ അതിർത്തയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത തുടരുകയാണ്. കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാൻ ഉധംപൂരിലെത്തി.
കമാൻഡോ ഓപ്പറേഷനിൽ പങ്കെടുത്ത കമാൻഡോകളെ കരസേനാ മേധാവി അനുമോദിച്ചു. ഉറിയിൽ നടന്ന ഭീകരാക്രമണം തടയാനാവാത്ത സാഹചര്യത്തിൽ കരസേനയും ഉറി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ കെ സോമശങ്കറെ സ്ഥലം മാറ്റാനുള്ള തീരുമാനവും ഇന്ന് കൈക്കൊണ്ടു. അക്നൂർ മേഖലയിൽ പുലർച്ചെ നാലുമണിക്ക് പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവച്ചു. ഇന്ത്യ തിരിച്ചടിച്ചു.
പരാതിയുമായി പാകിസ്ഥാൻ വീണ്ടും ഐക്യരാഷ്ട്രസഭയെ സമീപീച്ചെങ്കിലും രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ ഇടപെടാമെന്നാണ് യുഎൻ പ്രതികരിച്ചത്. പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടന്നതായി മേഖലയിലെ യുഎൻ ഓഫീസിന് നേരിട്ട് ബോധ്യപ്പെട്ടില്ലെന്ന വാദം ഇന്ത്യ തള്ളി.
വസ്തുതകളാണ് ലോകത്തെ അറിയിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടം സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ വ്യക്തമാക്കി. ആണവായുധപ്രയോഗത്തിന് മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി ഉൾപ്പടെയുള്ളവർ സൂചന നല്കുന്നതിനെ അപലപിച്ച് അമേരിക്ക ശക്തമായി രംഗത്തുവന്നു. എല്ലാം അംഗരാജ്യങ്ങളും പങ്കെടുത്താൽ മാത്രമേ സാർക്ക് ഉച്ചകോടി നടത്താവൂ എന്ന് മാലിദ്വീപും ഇന്ന് ആവശ്യപ്പെട്ടതും പാകിസ്ഥാന് തിരിച്ചടിയായി.
ഇതിനിടെ കശ്മീരിലെ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ ഉള്‍പ്പടെ എല്ലാവരുമായും ചർച്ച വേണമെന്ന നിലപാട് സിപിഎം ആവർത്തിച്ചത് വിവാദമായി
പാകിസ്ഥാൻ സിനിമാതാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. ഇതിനിടെ ഇന്ത്യൻ ചാനലുകൾക്ക് ഉള്ള വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ മുന്നിറിയിപ്പ് നല്കി.
