ബെഗലുരു: കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുന്ന രീതിയില്‍ കൊതുകിനെ ഉപയോഗിച്ച് തന്നെ കൊതുകിനെ പ്രതിരോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ. കൊതുകുകളെ ഉപയോഗിച്ച് തന്നെ മലേറിയ തുടച്ച് നീക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ വേദിയാകുന്നതായി റിപ്പോര്‍ട്ട്. മലേറിയ പടര്‍ത്തുന്ന അനോഫിലിസ് പെണ്‍കൊതുകുകളില്‍ ജനിത മാറ്റം വരുത്തിയാണ് പരീക്ഷണം നടക്കുക. 

ജീന്‍ എഡിറ്റിങ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് രോഗാണു പടര്‍ത്തുന്ന കൊതുകുകളില്‍ ജനിതമാറ്റം വരുത്തുക. മലേറിയ പടര്‍ത്തുന്ന പ്ലാസ്മോഡിയം ഫാല്‍സിപറം എന്ന സൂക്ഷ്മജീവിയെ പ്രതിരോധിക്കാന്‍ കൊതുകുകളില്‍ ശേഷിയുണ്ടാക്കുകയാണ് ജീന്‍ എഡിറ്റിങിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ പ്രതിരോധ ശക്തി ലഭിക്കുന്ന കൊതുകളുടെ ഏതാനും തലമുറകള്‍ വരുന്നതോടെ മലേറിയ പടര്‍ത്തുന്ന കൊതുകുകള്‍ ഇല്ലാതാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ ഇര്‍വ്വിന്‍, സാന്‍ഡിയാഗോ ക്യാംപസുകളിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നത്. ജീന്‍ എഡിറ്റിങ് സംബന്ധിയായ പരീക്ഷണങ്ങള്‍ക്ക് പ്രത്യേക അനുമതി ലഭിക്കേണ്ടതാണ് നിലവില്‍ പരീക്ഷണങ്ങള്‍ക്ക് നേരിടുന്ന വെല്ലുവിളി. മലേറിയ തുടച്ചു നീക്കാനുള്ള പഠനങ്ങളുടെ പുരോഗതിയ്ക്ക് ടാറ്റ ട്രസ്റ്റ് വന്‍തുകയാണ് നീക്കി വച്ചിരിക്കുന്നത്.