ദില്ലി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ മ്യാന്‍മറില്‍ നിന്ന് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിപണിവില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ കയ്യിലുള്ള കരുതല്‍ ധാന്യശേഖരം ഉപയോഗിക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം.

രാജ്യത്താകെ പരിപ്പ് അടക്കമുള്ള ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉന്നതതല യോഗം വിളിച്ചത്. നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഭക്ഷ്യ പൊതു വികരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍, കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്, വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍, എന്നിവരെ കൂടാതെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രബ്മണ്യനടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മ്യാന്‍മറില്‍ നിന്ന് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചിരിക്കുന്ന കരുതല്‍ ധാന്യശേഖരം ഉപയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ശരാശരി 170 രൂപ വിലയുള്ള പരിപ്പടക്കമുള്ള ധാന്യങ്ങള്‍ 120 രൂപയ്ക്കാണ് സര്‍ക്കാര്‍ നല്‍കുക. എന്നാല്‍ വിലക്കയറ്റം താല്‍ക്കാലികമാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

എന്നാല്‍ പച്ചക്കറി വില ഉയരുന്നത് കേന്ദ്രസര്‍ക്കാരിന് തലവേദനയാകും. തക്കാളിയ്‌ക്കാണ് വന്‍തോതില്‍ വില ഉയര്‍ന്നിരിക്കുന്നത്. തക്കാളിക്ക് 100 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഉരുളക്കിഴങ്ങിനും ഉള്ളിക്കും വില കൂടിയിട്ടുണ്ട്. കടുത്ത ചൂടും കാലംതെറ്റി പെയ്ത മഴയിലും വിളനാശം സംഭവിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.