ആദ്യമായാണ് രാജ്യത്തിന് പുറത്ത് ഒരു വിമാനത്താവളം ഇന്ത്യ ഏറ്റെടുക്കുന്നത്. 

ദില്ലി: ലോകത്തെ ഏറ്റവും ആളൊഴിഞ്ഞ വിമാനത്താവളങ്ങളിലൊന്നായ ശ്രീലങ്കയിലെ മട്ടാല രാജപക്‌സ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ത്യ ഏറ്റെടുക്കുന്നു. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. കൊളംബോയില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളം 250 മില്യന്‍ ഡോളറിന് ഏയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നുവെന്നാണ് വിവരം. ആദ്യമായാണ് രാജ്യത്തിന് പുറത്ത് ഒരു വിമാനത്താവളം ഇന്ത്യ ഏറ്റെടുക്കുന്നത്. 

ഇന്ത്യയും-ശ്രീലങ്കയും സംയുക്തമായിട്ടായിരിക്കും എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുകയെങ്കിലും 70 ശതമാനം മുതല്‍മുടക്കും ഇന്ത്യയുടേതാകും. വിമാന സര്‍വ്വീസുകള്‍ നടക്കാത്തത് കൊണ്ടുതന്നെ 20 ബില്യന്‍ രൂപയുടെ നഷ്‌ടത്തിലാണ് നിലവില്‍ വിമാനത്താവളം. ഏറ്റെടുക്കലിന്റെ അന്തിമ രൂപരേഖ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ശ്രീലങ്കയില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ അതിനെ തടുക്കാനുള്ള ഇന്ത്യയുടെ ശ്രമമായാണ് ഈ ഇടപാട് വിലയിരുത്തപ്പെടുന്നത്. വലിയ നഷ്‌ടത്തെ തുടര്‍ന്ന് വിമാനത്താവളം ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ളവരെ തേടി 2016ല്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രമം തുടങ്ങിയെന്നും ഇന്ത്യ മാത്രമാണ് സഹായിക്കാന്‍ തയ്യാറായതെന്നുമാണ് ശ്രീലങ്കന്‍ ഭരണകൂടം വിശദീകരിക്കുന്നത്. 

മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സയുടെ പേരില്‍ അറിയപ്പെടുന്ന വിമാനത്താവളം, പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ഭരണകാലത്ത് ശ്രീലങ്കയില്‍ നടന്ന പ്രധാന വികസന പ്രവര്‍ത്തനമാണ്. ചൈനയില്‍ നിന്ന് വലിയ പലിശയ്‌ക്ക് വായ്പയെടുക്കാണ് വിമാനത്താവളം നിര്‍മ്മിച്ചത്. പ്രതിവര്‍ഷം ഒരു മില്യന്‍ യാത്രക്കാരെ പ്രതീക്ഷിച്ചുകൊണ്ട് 2013ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കനത്ത നഷ്‌ടവും സുരക്ഷ പ്രശ്നവും കാരണം വിമാന കമ്പനികളെല്ലാം പിന്മാറി. കഴിഞ്ഞ മേയിലാണ് അവസാന അന്താരാഷ്‌ട്ര വിമാനം ഇവിടെ നിന്ന് സര്‍വ്വീസ് നടത്തിയത്. ഈ സാഹചര്യത്തില്‍ അടച്ചുപൂട്ടിലിന്റെ വക്കിലേക്ക് നീങ്ങുന്ന വിമാനത്താവളത്തെ രക്ഷിക്കാന്‍ ശ്രീലങ്കയ്‌ക്ക് വേറെ വഴികളില്ല. ഈ പ്രദേശത്ത് മഹീന്ദ്ര രജപക്‌സയുടെ കാലത്ത് നിര്‍മ്മിച്ച തുറമുഖം ഇപ്പോള്‍ ചൈനയാണ് ഏറ്റെടുത്ത് നടത്തുന്നത്. വായ്പ തിരിച്ചടവ് സാധ്യമല്ലാതെ വന്നതോടെയാണ് ചൈന ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.