ദില്ലി: ദലൈലാമയുടെ അരുണാചൽപ്രദേശ് സന്ദർശനlത്തെ എതിർത്ത് ചൈന.. ചൈന അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഇന്ത്യ വിമർശിച്ചു.. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ചൈന ഇടപെടേണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജിജു പറഞ്ഞു.
അരുണാചൽ പ്രദേശിലെ തവാങിൽ ദലൈലാമ നടത്തുന്ന സന്ദർശനത്തെ ചൈന ശക്തമായി എതിർക്കുകയാണ്. ദലൈലാമയെ തവാങ് സന്ദർശിക്കാൻ ഇന്ത്യ അനുവദിക്കരുതെന്നും ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ആ സന്ദർശനം വിള്ളൽ വീഴുത്തുമെന്നുമാണ് ചൈനയുടെ ഭീഷണി. എന്നാൽ ചൈനയുടെ ഭീഷണിക്കെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് അരുണാചൽ പ്രദേശെന്നും അവിടെ ദലൈലാമ സന്ദർശനം നടത്തുന്നതിനെ ചൈനക്ക് എതിർക്കാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുജു പറഞ്ഞു.
ദലൈലാമയുടെ സന്ദർശനം പൂർണ്ണമായും മതപരമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുടെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ദലൈലാമയെ വിഘടനവാദിയായാണ് ചൈന കാണുന്നത്. അരുണാചൽ പ്രദേശ് ഉൾപ്പെടുന്ന കിഴക്കൻ ഹിമാലയത്തിന്റെ ഭാഗങ്ങൾ തെക്കൻ ടിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം.
