ദില്ലി: മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടിയെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി അപലപിച്ചു. ജാദവിന്റെ വധശിക്ഷയുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുന്നറിയിപ്പ് നല്കി.

ചാരപ്രവര്‍ത്തനം ആരോപിച്ച് മുന്‍ നാവികസേനാംഗം കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്കിയ പാകിസ്ഥാന്റെ നടപടിയെ ഒറ്റക്കെട്ടായാണ് പാര്‍ലമെന്റ് അപലപിച്ചത്. ജാദവിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കടുത്ത സമ്മര്‍ദ്ദം പാകിസ്ഥാനു മേല്‍ ചുമത്താനായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. കൂല്‍ഭൂഷണ്‍ ഇന്ത്യയുടെ പുത്രനാണെന്നും കുടുംബാംഗങ്ങളുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കൂല്‍ഭൂഷണെ മോചിപ്പിക്കാന്‍ ഏതൊക്കെ വഴി സ്വീകരിക്കുമോ അതെല്ലാം നോക്കുമെന്നും സുഷമ ഇരുസഭകള്‍ക്കും ഉറപ്പു നല്കി.

കൂല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ ഇത്രയൊക്കെ ചെയ്യാനേ ഇന്ത്യയ്ക്ക് കഴിയുന്നുള്ളോ എന്ന് റോബര്‍ട്ട് വധ്ര ചോദിച്ചു. ഇന്ത്യ പാകിസ്ഥാന് ശക്തമായ താക്കീത് നല്കണമെന്ന് മുന്‍പ്രതിരോധമന്ത്രി എകെ ആന്റണി ആവശ്യപ്പെട്ടു. പാക് നടപടില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുടെ ചായസല്‍ക്കാരം ബിജെപി എംപിമാര്‍ ബഹിഷ്‌ക്കരിച്ചു. കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയ്‌ക്കെതിരെ പാക് സൈനിക അപ്പലേറ്റ് അതോറിറ്റിയേയും പിന്നീട് സുപ്രീം കോടതിയേയും സമീപിക്കാം. എന്നാല്‍ ഈ നിയമവഴിക്കു പകരം ഇന്ത്യ ശക്തമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന ആവശ്യം ശക്തമാകുകയാണ്.