സംഭവ സ്ഥലത്തു വച്ച് മരണം സംഭവിച്ചു വാറന്‍റ് നില നിന്നിരുന്നുവെന്ന് പൊലീസ്
വാഷിംഗ്ടണ്: ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമേരിക്കയിൽ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. കാലിഫോര്ണിയ പൊലീസാണ് വെടിവച്ചത്. നഥാനിയൽ പ്രസാദ്(18) ആണ് വെടിയേറ്റു മരിച്ചത്. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. നഥാനിയലിനെതിരെ പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കെതിരേ പുറപ്പെടുവിക്കുന്ന ഫെലനി ഫയർ ആംസ് പൊസഷൻ വാറന്റ് നിലവിലുണ്ടായിരുന്നുവെന്നാണ് പെീലീസ് പറയുന്നത്.
കഴിഞ്ഞ മാർച്ച് 22ന് ഫ്രമോണ്ട് സ്കൂൾ റിസോഴ്സ് ഓഫീസറെ കബളിപ്പിച്ച് ഒളിച്ചോടിയതിനെ തുടര്ന്നാണ് നഥാനിയൽ പ്രസാദിനെതിരെ ഫെലനി ഫയർആംസ് പൊസഷൻ വാറന്റ് പുറപ്പെടുവിച്ചത്. ഈ വാറന്റ് നില നില്ക്കെയാണ് പ്രസാദ് കൊല്ലപ്പെടുന്നത്. ഏപ്രിൽ അഞ്ചിന് ഫ്രമോണ്ടിൽ നഥാനിയലിനെ കണ്ടതായി പോലീസിനു വിവരം ലഭിച്ചു.
മാതാവിനൊപ്പം കാറില് യാത്ര ചെയ്യുകയായിരുന്ന നഥാനിയലിനോട് കീഴടങ്ങാന് ആവശ്യപ്പെട്ടെങ്കിലും വാഹനം നിര്ത്തിയില്ല. ഇതോടെ പൊലീസ് കാറ് തടഞ്ഞു. എന്നാല് പൊലീസിനെ വെട്ടിച്ച് ഇയാള് ഓടി. ഇതോടെ പൊലീസ് വെടിയുതിര്ക്കുകയായിരുന്നു. നഥാനിയൽ പോലീസിനുനേരെ വെടിയുതിർക്കാൻ ഉപയോഗിച്ച .22 കാലിബർ റിവോൾവർ കസ്റ്റഡിയിലെടുത്തു. ഇത് മോഷ്ടിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
