ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ തുടര്‍ച്ചയായ മൂന്നാംദിനവും ഭീകരാക്രമണം. സുരക്ഷാസേനയ്ക്കുനേരെ വെടിവച്ച രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും പിടിച്ചെടുത്തു. കുല്‍ഗാമിലെ കുദ്‌വാനി മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. 

ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നാലുദിവസത്തെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്ന് രാജ്‌നാഥ് നാട്ടുകാരുമായും വ്യാപാരികളുമായും കോളേജ് വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച്ച നടത്തും