ദിവസങ്ങള്‍ക്കുശേഷം ഭക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു എമിറേറ്റ്സ് എന്‍ജിനിയറിംഗ് ലേബര്‍കാംപിലെ തൊഴിലാളികള്‍. ഇന്ന് രാവിലെയാണ് അരിയും പച്ചക്കറിയുമടക്കം ഭക്ഷണത്തിനു വേണ്ട സാധനങ്ങള്‍ ഇന്തക്യന്‍ എംബസി ക്യാമ്പിലെത്തിച്ചത്. അടുക്കള പഴയതുപോലെ സജീവമായി. ശമ്പളവും ഭക്ഷണവും എന്നതായിരുന്നു 35 മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിലൊന്നാണ് പരിഹരിക്കപ്പെട്ടത്. ശമ്പളകുടിശ്ശിക കമ്പനി ഉടമകളില്‍ നിന്ന് ലഭ്യമാക്കി കോണ്‍സുലേറ്റിന്റെ ചെലവില്‍ നാട്ടിലെത്തിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സന്തോഷം ഇവര്‍ മറച്ചുവച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എംബസിക്കു പുറമെ വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും സഹായ ഹസ്തവുമായി ഇന്ന് കാംപിലെത്തി.