ലക്നൗ: ആഗ്ര സ്വദേശിയായ നഖ്വി അലി ഖാനും പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള സബഹത് ഫാത്തിമയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിട്ട് ഏറെ നാളായി. വധുവിന് ഇന്ത്യയിലെത്താനുള്ള വിസ കിട്ടാത്തതിനാല്‍ നിക്കാഹ് നടത്താന്‍ കഴിയാതെയായപ്പോള്‍ പലയിടത്തും കയറി മടുത്താണ് വരന്‍ അവസാനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിലെത്തിയത്. മന്ത്രിയെ സന്ദര്‍ശിച്ച് കാര്യം പറഞ്ഞതോടെ പിന്നെ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി. വിസ ലഭിച്ച വധുവും കുടുംബവും വെള്ളിയാഴ്ച ഇന്ത്യയിലെത്തി. അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൗലാനാ ഖല്‍ബെ സാദിഖാണ് നിക്കാഹിന് കാര്‍മികത്വം വഹിച്ചത്.

ലക്നൗ സ്വദേശിയായ നഖ്വി അലി ഖാന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കറാച്ചി സ്വദേശിയായ സബ്‍ഹത്തായിരുന്നു വധു. വിഭജന കാലത്ത് രണ്ടായി പിരിഞ്ഞ കുടുംബങ്ങളാണ് ഇരുവരുടെയും. വിവാഹം സാധ്യമാക്കിയതിന് വരനും വധുവും മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ചു. സബ്ഹത്തിന് ഇന്ത്യ പൗരത്വം നല്‍കുമെന്ന പ്രതീക്ഷയും കുടുംബം പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കറാച്ചി സ്വദേശിയായ സാദിയയും ലക്നൗ സ്വദേശിയായ സൈദ് ശാരിഖ് ഹാഷിമി എന്നിവരും വിവാഹത്തിനും സമാനമായ തരത്തില്‍ സുഷമ സ്വരാജ് ഇടപെട്ടിരുന്നു.