മസ്‌കറ്റ്: ഒമാനിലെ സമേയില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. യാത്രാ രേഖകള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ലഭിച്ചാല്‍ ഉടന്‍ ഇവര്‍ നാട്ടിലേക്ക് തിരിക്കും.

കൊലപാതക കേസുകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജീവപര്യന്തം വരെ ശിക്ഷിക്കപ്പെട്ടിട്ടുള്ള 62 ഇന്ത്യക്കാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ജയില്‍ മോചനം അനുവദിച്ചത്.ആദ്യമായിട്ടാണ് ഒമാന്‍ ഭരണകൂടം ഇന്ത്യക്കാര്‍ക്കുമാത്രമായി ജയില്‍ മോചനം അനുവദിക്കുന്നത്. 

വിട്ടയക്കപെട്ടവരുടെ പൂര്‍ണ പട്ടിക നാളെ ലഭിക്കുമെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വ്യത്തങ്ങള്‍ അറിയിച്ചു. മോചിക്കപ്പെട്ടവരില്‍ 25 വര്‍ഷം ശിക്ഷിക്കപെട്ട ആലപ്പുഴ സ്വദേശി സന്തോഷ് കുമാറും, തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാനും ഉള്‍പ്പെടുന്നു. 21 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന ഇരുവര്‍ക്കും മോചനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സിനാവുസൂക്കിലെ സുഹൃത്തുകളും സഹപ്രവര്‍ത്തകരും. 

രാജ്യത്തിന്റെ ദേശീയ, നവോഥാനദിനങ്ങളിലും, ചെറിയപെരുനാള്‍, ബലി പെരുനാള്‍ എന്നി ദിനങ്ങളിലുമാണ് ഒമാനില്‍ ജയില്‍ മോചനങ്ങള്‍ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന മോചനം, തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമാണുള്ളത്. മാപ്പു ലഭിച്ച സ്‌മൈല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിക്കപെട്ടവരെ മറ്റു നടപടികള്‍ക്കായി തങ്ങളുടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പോലീസ് സ്റ്റേഷനിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്.