ഗൂഗിൾ എപ്പോഴും അങ്ങനെയാണ്. പ്രതീക്ഷകൾക്ക് ഒരു മുഴം മുമ്പിലായിരിക്കും അവരുടെ സൃഷ്ടികൾ. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷിക പുലരിയിലേക്ക് കണ്ണ് തുറന്നപ്പോഴും ഗൂഗിൾ ഇന്ത്യൻ ജനതയെ അമ്പരപ്പിച്ചു. ഗൂഗിൾ സെർച്ച് എൻജിൻ തിരഞ്ഞവരുടെ മുഖത്തേക്ക് സ്വാതന്ത്ര്യത്തിൻ്റെ സർവ നിറങ്ങളും വാരിവിതറിയാണ് ഗൂഗിൾ ഇന്ത്യൻ ജനതയെ വിസ്മയിപ്പിച്ചത്.
ഇന്ത്യക്കാരുടെ മനം അറിഞ്ഞാണ് ഗൂഗിൾ അവരുടെ ഡൂഡിൽ ഒരുക്കിയത് . ഇന്ത്യൻ പാർലമെൻ്റിൻ്റെ ഗ്രാഫിക് ചിത്രത്തിൽ അശോകചക്രം, ദേശീയ പക്ഷി മയിൽ, ദേശീയ പതാകയിലെ നിറങ്ങൾ എന്നിവയെല്ലാം ഒരുപോലെ അതിൽ ഒത്തുചേർന്നു. പ്രത്യേക ഡൂഡിൽ (വര) തയാറാക്കിയത് മുംബൈക്കാരിയായ ആർട്ടിസ്റ്റ് സബീന കർണിക് ആണ്. പേപ്പർ ടെക്നിക്ക് ആർട്ട് വർക്കിൽ പ്രശസ്തയാണ് ഇവർ.
അതുല്യമായ ഒരു പേപ്പർകട്ട് ആർട് സ്റ്റൈലിൽ ആണ് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് സബീന ഗൂഗിളിനെ നിറങ്ങളിൽ മുക്കിയത്. മുൻവർഷങ്ങളിലും ഗൂഗിൾ ഡൂഡിൽ ഒരുക്കിയിരുന്നെങ്കിലും ഇത്തവണത്തെത് ഗംഭീരമെന്നാണ് വിലയിരുത്തൽ. മികച്ച പ്രതികരണം നേടി ഡൂഡിൽ വൈറലായിരിക്കുകയാണ്

2010ൽ ദേശീയപതാകയുമായി ചേർത്തായിരുന്നു ഗൂഗിളിൻ്റെ ഡൂഡിൽ. ഗൂഗിളിലെ ‘ഒ’ എന്ന അക്ഷരത്തിൻ്റെ സ്ഥാനത്ത് ദേശീയപതാക പുഷ്പ മാതൃകയിൽ ചിത്രീകരിച്ചായിരുന്നു അന്നത്തെ പരീക്ഷണം. എന്നാൽ ഇത്തവണത്തെ പേപ്പർകട്ട് ഡിസൈനിന് ഒരു ത്രിമാന സ്വഭാവം കൂടി ലഭിച്ചുവെന്നതും പ്രത്യേകതയാണ്.
