ന്യൂയോര്‍ക്ക്: പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു. എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ നമ്രത ബ്രാറിനെയാണ് ഇറക്കി വിട്ടത്. 'ഈ ഇന്ത്യക്കാരനെ പുറത്താക്കൂ' എന്നാണ് വിദേശകാര്യ സെക്രട്ടറി എയ്‌സാസ് അഹമ്മദ് ചൗധരി ആവശ്യപ്പെട്ടത്. 

ന്യുയോര്‍ക്കിലെ റൂസ്‌വെല്‍റ്റ് ഹോട്ടലില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഈ നടപടി. യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിനു മുന്നോടിയായാണ് പാക് പ്രതിനിധി വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിലേക്ക് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ പോലും പങ്കെടുപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. 

ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി. മുന്‍പ് ഇസ്ലാമാബാദിലും സമാനമായ സംഭവം നടന്നിരുന്നു. സാര്‍ക് ഉച്ചകോടിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങളെ വിലക്കിയത് വിവാദമായിരുന്നു.

അതിനിടെ, ന്യുയോര്‍ക്കിലെത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഉറി ഭീകരാക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. എന്നാല്‍ കശ്മീരില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്ന രാജ്യാന്തര തലത്തില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവരാനുള്ള ശ്രമം പാകിസ്താന്‍ നടത്തുന്നുമുണ്ട്.