13കാരിക്ക് അശ്ലീല സന്ദേശമയച്ച ഇന്ത്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു

First Published 14, Apr 2018, 5:51 PM IST
Indian man jailed in Dubai for e mailing porn clips to 13 year old girl
Highlights

കുട്ടിയുടെ ഇ-മെയിലിലേക്ക് പ്രതി അശ്ലീല വീഡിയോ അയച്ചത് അമ്മയാണ് കണ്ടുപിടിച്ചത്.

ദുബായ്: 13 വയസുള്ള പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത ഇന്ത്യക്കാരന് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയായ 27 വയസുകാരന്‍ വീട്ടില്‍ വരുമ്പോഴെല്ലാം തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

കുട്ടിയുടെ ഇ-മെയിലിലേക്ക് പ്രതി അശ്ലീല വീഡിയോ അയച്ചത് അമ്മയാണ് കണ്ടുപിടിച്ചത്. മെയില്‍ പരിശോധിച്ചപ്പോള്‍ നേരത്തെയും ഇത്തരത്തിലുള്ള വീഡിയോകള്‍ അയച്ചിരുന്നുവെന്ന് മനസിലായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവാവ് തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. പേടികൊണ്ടാണ് അമ്മയോട് പറയാതിരുന്നതെന്നും അമ്മ അറിഞ്ഞാല്‍ തന്നെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് കരുതിയെന്നും കുട്ടി പറഞ്ഞു. 11 വയസുമുതല്‍ കുട്ടിയെ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി.

കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷി വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. എന്നാല്‍ വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച അപ്പീല്‍ കോടതി പ്രതിക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തയ്യാറായില്ല. താന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നുമൊക്കെ പ്രതി കോടതിയില്‍ വാദിച്ചുനോക്കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

loader