സമുദ്ര മേഖലയില്‍ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിനും കുവൈറ്റും ഇന്ത്യയും തമ്മിലുള്ള സ്‌നേഹബന്ധം ദൃഢമാക്കുന്നതിനുമായാണ് ഐഎന്‍എസ് ദീപക്, ഐഎന്‍എസ് ഡല്‍ഹി, ഐഎന്എസ് തര്‍കാഷ് എന്നീ ഇന്ത്യന്‍ നാവികസേനായുടെ കപ്പലുകള്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റ് തീരത്തെത്തിയത്. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, റിയര്‍ അഡ്മിറല്‍ രവ്‌നീത് സിംഗ്, മൂന്നു കപ്പലുകളുടെയും കമാന്റിങ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേഖ് ഖാലിദ് ജാറാഹ് അല്‍ സാബായുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
കടല്‍ക്കൊള്ളയും കടല്‍ തീവ്രവാദവും തടയുന്നതിനുവേണ്ട നടപടികള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സേനാധിപന്മാര്‍ വിദഗ്ധ ചര്‍ച്ചകള്‍ നടത്തും. കുവൈറ്റ് തീരത്ത് നാവിക സേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ സൈനികാഭ്യാസ പ്രകടനവും ഇന്ന് നടത്തി. കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ദീപകും ഐഎന്‍എസ് താബറും കുവൈറ്റ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെല്ലിംഗ്ടണിലുള്ള ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജില്‍ പരിശീലനത്തിനായി ചേര്‍ന്നിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ച് ഐഎന്എസ് ദീപക്കില്‍ പ്രത്യേക പരിപാടയും സംഘടിപ്പിച്ചു. കുവൈത്ത് പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ യു.എസ്, ഫ്രാന്‍സ്, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ അടക്കമുള്ള ഉന്നതര്‍ സംബന്ധിച്ചിരുന്നു.
