ഇന്ത്യന്‍ നേവിയുടെ മറൈന്‍ എന്‍ജിനീയറിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ദ്യോഗസ്ഥനായിരുന്ന എം.കെ. ഗിരി ഇനി മുതല്‍ സബിയാണ്. എം.കെ. ഗിരി എന്ന ആണ്‍ ശരീരത്തില്‍ നിന്ന് പെണ്ണുടലിലേക്കുള്ള യാത്ര അവളെ സംബന്ധിച്ച് എളുപ്പമുള്ളതായിരുന്നു. എന്നാല്‍ സബി എന്ന പെണ്ണിന് ജീവിതം ഇന്ന് ദുരിതമാണ്. എം.കെ. ഗിരിയില്‍ നിന്ന് സബിയിലേക്കുള്ള യാത്രയില്‍ അവള്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നത് തന്‍റെ പ്രിയപ്പെട്ട ജോലിയാണ്.
പ്രതിരോധ സേനയില്‍ സ്ത്രീകള്‍ക്ക് സേവനം ചെയ്യാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണ് സബിയെ പുറത്താക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായി സ്ത്രീയായി മാറാന്‍ സബി ശ്രമിക്കുന്നത്. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ 2016 ഒക്ടോബറില്‍ ശസ്ത്രക്രിയയിലൂടെ എം.കെ. ഗിരി സബിയായി മാറി.
22 ദിവസത്തെ അവധിയെടുത്ത് ദില്ലിയില്‍ പോയാണ് ശസ്ത്രക്രിയി നടത്തിയത്. പക്ഷേ 15 ദിവസങ്ങള്‍ക്ക് ശേഷം ജോലിക്ക് കയറിയ സബിക്ക് യുറിനറി ഇന്‍ഫക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായ് നേവിയിലെ ഡോക്ടറെ സമീപിക്കേണ്ടി വന്നു. തുടര്‍ന്നാണ് എം.കെ. ഗിരി സബിയായ വിവരം ലോകം അറിയുന്നത്.
നേവിയില്‍ ആദ്യമായാണ് ഒരു പുരുഷന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. അതുകൊണ്ട് തന്നെ സബിയെ എന്തു ചെയ്യണമെന്ന് ഉദ്ദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ആറുമാസത്തോളം സബിയെ പുരുഷന്‍മാരുടെ സൈക്കാട്രിക്ക് വാര്‍ഡില്‍ അടച്ചു. പിന്നീട് കൊല്‍ക്കത്തിയില്‍ നടത്തിയ പരിശോധനയില്‍ സബിയുടെ മാനസിക നിലക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
ട്രാന്‍സ്ജന്‍ററുകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായി നടപടികള്‍ എടുക്കണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കാതെ സിബിയെ പിരിച്ച് വിടാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
