സിങ്കപ്പൂരിൽ ശുചീകരണ തൊഴിലാളിയായ ഗുർചരൺ കഴിഞ്ഞ 18 വർഷമായി പൊലീസിനെ ഫോൺ വിളിച്ച് കബളിപ്പിക്കാറുണ്ടായിരുന്നു

ക്വാലാലംപൂര്‍: വര്‍ഷങ്ങളോളം വ്യാജ സന്ദേശം നല്‍കി സിങ്കപ്പൂർ പൊലീസിനെ കബളിപ്പിച്ച് കൊണ്ടിരുന്ന ഇന്ത്യന്‍ വംശജനെ മുന്ന് വര്‍ഷം തടവിന് വിധിച്ചു. ഗുര്‍ചരണ്‍ സിങ്(61)എന്നയാളെയാണ് ശിക്ഷിച്ചത്. മൂന്ന് വര്‍ഷവും 9 മാസവുമാണ് ശിക്ഷയുടെ കാലാവധി.

സിങ്കപ്പൂരിൽ ശുചീകരണ തൊഴിലാളിയായ ഗുർചരൺ കഴിഞ്ഞ 18 വർഷമായി പൊലീസിനെ ഫോൺ വിളിച്ച് കബളിപ്പിക്കാറുണ്ടായിരുന്നു. മദ്യപിച്ചതിന് ശേഷം പൊലീസിന്റെ എമർജൻസി നമ്പറായ 999 ൽ വിളിക്കുകയാണ് ഇയാളുടെ സ്ഥിരം പണി. ഓരോ ഫോൺ കോളിനും ഏകദേശം 15 മിനിട്ട് വരെ ദൈർഘ്യമുണ്ടായിരിക്കും. കഴിഞ്ഞ ജൂണിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

നിങ്ങൾ ഒരു വിഢിയാണെന്നും ഇമിഗ്രേഷന്‍ ഹൗസില്‍ താന്‍ ഡൈനാമിറ്റ് വച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു അവസാനത്തെ ഫോൺ കോൾ. തുടർന്ന് വ്യജ സന്ദേശമാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാൾ നിൽക്കുന്ന സ്ഥലം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അറസ്റ്റ് ചെയ്ത സമയത്ത് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിന് മുമ്പ് 15 തവണ ഇയാള്‍ പോലീസിനെ വിളിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം മദ്യപാനമാണെന്നും മദ്യപാനത്തിന് ശേഷം ഇയാള്‍ പ്രശ്‌നങ്ങളില്‍ ചെന്ന് വീഴുകയാണ് പതിവെന്നും കോടതി വിലയിരുത്തി.