ജക്കാര്‍ത്ത:  ഇന്തോനീഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ്  ടേക്ക് ഓഫിന് രണ്ട് മിനിട്ടിന് ശേഷം തിരിച്ചിറങ്ങാന്‍ അനുവാദം തേടിയിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍. സൂക്കര്‍ണോ ഹട്ടാ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 181 യാത്രക്കാരുമായാണ് കടലില്‍ പതിച്ചത്. തിരിച്ചിറങ്ങാന്‍ അനുവാദം നല്‍കിയിരുന്നെന്നും അനുവാദം നല്‍കിയതിന്റെ റെക്കോര്‍ഡിങ് ഉണ്ടെന്നും എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.  

നേരത്തയുണ്ടായിരുന്ന പ്രശ്നം അധികൃതരെ അറിയിക്കുന്നതിൽ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്നികൽ ലോഗിനെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ട്. കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി വിമാനക്കമ്പനി വിശദമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ബ്ളാക്ക് ബോക്സിനുള്ള തിരച്ചില്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്.  വിമാന അപകടത്തിൽ മുഴുവൻ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചും മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയും കടലിനടിയില്‍ 35 മീറ്റര്‍ താഴ്ചയിലാണ്  തിരച്ചില്‍ പുരോഗമിക്കുന്നത്. പ്രതികൂലകാലവസ്ഥയെ അതിജീവിച്ച് ഇന്നലെ പൈലറ്റിന്റേതടക്കം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു കുട്ടിയുമടക്കം 181 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.

തുടര്‍ച്ചയായി അപകടങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്തോനേഷ്യന്‍ വിമാനങ്ങളെ രാജ്യത്ത് പറക്കുന്നതില്‍ നിന്ന് 2007 ല്‍ വിലക്കിയിരുന്നു. ഈ വിലക്ക് 2016 ലാണ് എടുത്ത് കളഞ്ഞത്.