മദ്യപിച്ച് വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കിയ ഇന്ത്യന്‍ വംശജയ്ക്ക് ആറുമാസം തടവ് ശിക്ഷ നല്‍കി ലണ്ടന്‍ കോടതി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് കിരണ്‍ ജഗ്ദേവ് എന്ന യുവതിക്ക് തടവ് ശിക്ഷ ലഭിച്ചത്. 

ലണ്ടന്‍: മദ്യപിച്ച് വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കിയ ഇന്ത്യന്‍ വംശജയ്ക്ക് ആറുമാസം തടവ് ശിക്ഷ നല്‍കി ലണ്ടന്‍ കോടതി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് കിരണ്‍ ജഗ്ദേവ് എന്ന യുവതിക്ക് തടവ് ശിക്ഷ ലഭിച്ചത്. യുവതിക്ക് മദ്യം നല്‍കിയതിന് വിമാനക്കമ്പനിക്ക് നേരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി.

ലണ്ടനില്‍ പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരിയാണ് കിരണ്‍. ജോലി സംബന്ധമായി സ്പെയിനില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. ലെയ്സ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് തീരുമാനം. വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോളായിരുന്നു യുവതി ബഹളമുണ്ടാക്കിയത്. 

എല്ലാവരും മരിക്കാന്‍ പോകുന്നുവെന്ന് നിലവിളിച്ച് യുവതി ബഹളമുണ്ടാക്കി. യുവതി മദ്യലഹരിയില്‍ ആണെന്ന് മനസിലാകാതെ വിമാനത്തിലുണ്ടായിരുന്ന സഹയാത്രികര്‍ പരിഭ്രാന്തിയിലുമായി. യുവതിയെ തിരികെ സീറ്റില്‍ ഇരുത്താനും മറ്റ് യാത്രക്കാരെ പറഞ്ഞ് മനസിലാക്കാനുമായി വിമാനത്തിലെ ജീവനക്കാര്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു.

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് എട്ട് ബോട്ടില്‍ ബിയര്‍ കഴിച്ച യുവതി വിമാനത്തിനുള്ളിലും മദ്യപിച്ചിരുന്നു. വീണ്ടും മദ്യം നല്‍കാന്‍ വിസമ്മതിച്ചതോടെ കയ്യില്‍ കരുതിയ വൈന്‍ യുവതി കുടിച്ചുവെന്ന് വിമാനത്തിലെ ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാണ്. അടുത്ത സീറ്റുകളില്‍ ചവിട്ടി മറ്റ് യാത്രക്കാര്‍ക്ക് യുവതി ശല്യം ചെയ്യുകയും ചെയ്തു.വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു പൊലീസുകാരന്‍ വിമാനജീവനക്കാരെ സഹായിക്കാന്‍ ശ്രമിച്ചത് യുവതിയെ രോക്ഷാകുലയാക്കിയെന്നും കോടതി കണ്ടെത്തി. 

ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി. വിമാനത്താവളത്തിലെ ജീവനക്കാരെ കടുത്ത ഭാഷയില്‍ അധിഷേപിച്ച യുവതി അറസ്റ്റ് ചെറുക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.