മൃതദേഹം പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്കു മാറ്റി നാട്ടിലേക്ക് കടന്ന ഭര്‍ത്താവിനെ പിടികൂടാനുള്ള നടപടികൾ തുടങ്ങി
ഷാര്ജ: ഷാര്ജയിലെ വില്ലയിൽ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ യുവതിയുടെ മൃതദേഹം ആണെന്ന് വ്യക്തമായി. നാട്ടിലേക്ക് കടന്ന ഭര്ത്താവിനെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഷാര് മൈസലൂണിലെ വില്ലയില് കുഴിച്ചിട്ട നിലയില് കണ്ട മൃതദേഹമാണ് ഇന്ത്യക്കാരിയുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഹൈദരാബാദ് സ്വദേശിയായ തസ്ലീൻബി യാസിൻ ഖാൻ ഷെയ്ഖ് ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തെ പഴക്കമുള്ള മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്കു മാറ്റി. വില്ലയിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ തറയിലെ ടൈലുകൾ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയശേഷം രണ്ടു മക്കളോടൊപ്പം ഭർത്താവ് ഇന്ത്യയിലേക്കു കടന്നതായാണ് പൊലീസിന്റെ നിഗമനം. വീട് വാടകയ്ക്ക് എന്ന ബോർഡ് പുറത്തു തൂക്കിയിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നു പൊലീസ് അറിയിച്ചു. നാട്ടിലുള്ള സഹോദരനുമായി യുവതി ദിവസവും സംസാരിക്കുമായിരുന്നു. എന്നാൽ ദിവസങ്ങളായി ഫോൺ വിളിക്കാതായതോടെ ഷാർജയിൽ അന്വേഷിച്ചെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്നാണ് പോലീസില് പരാതി നല്കിയത്.
