സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡ‍ിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവിന്  13 വര്‍ഷം തടവും 12 ചാട്ടവാറ്‍ അടിയും ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. യുവാവുമായി പ്രണയത്തിലായിരുന്ന മറ്റൊരു പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്ത് അറിയുന്നത്. 

ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി എന്ന മുപ്പത്തൊന്നുകാരനെയാണ് കോടതി ശിക്ഷിച്ചത്. 12 വയസുകാരിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനങ്ങളും വിവാഹ വാഗ്ദാനവും നല്‍കിയായിരുന്നു പീഡനം. മൂന്ന് മാസത്തോളം പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗിച്ചെന്നാണ് കോടതി കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ നിഷ്കളങ്കത ഉദയകുമാര്‍ ചൂഷണം ചെയ്തെന്ന് കോടതി വിലയിരുത്തി. 2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഉദയകുമാറിന്റെ പെണ്‍സുഹൃത്ത്  ഇയാളുടെ ഫോണില്‍ നിന്ന് പന്ത്രണ്ടുകാരിയുടെ നഗ്ന വീഡിയോകള്‍ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്ത് അറിയുന്നത്. മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്ന ഉദയകുമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഗുരുതര കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയ്ക്ക് സമ്മാനവും പണവും നല്‍കി ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കോടതി കണ്ടെത്തി.