റിയാദ്: സൗദിയിലെ നജ്‌റാനിൽ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ തീപിടുത്തം . രണ്ട് മലയാളികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. ആറ് പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സൗദി യമന്‍ അതിര്‍ത്തിയായ നജ്‌റാനിൽ നിര്‍മാണ തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ തീപിടുത്തത്തിൽ 11 പേര് മരണപ്പെട്ടു.

ഇന്ന് പുലർച്ചെയാണ് അൽ ഹംറ എന്ന കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന റൂമിൽ എ സി പൊട്ടിത്തെറിച്ചു അപകടമുണ്ടായത്. തുടര്ന്നു അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു. മരിച്ചവരിൽ 10 ഇന്ത്യക്കാരും ഒരു ബംഗാളിയുമാണ് ഇതില്‍ 2 പേര്‍ മലയാളികളാണ്. ബിജു, സത്യന്‍ എന്നിവരാണ് മരിച്ച മലയാളികളെങ്കിലും ഇവരുടെ സ്വദേശം തിരിച്ചറിഞ്ഞിട്ടില്ല. 

മരിച്ചവരുടെ മൃദദേഹങ്ങൾ നജ്‌റാൻ കിംഗ് കാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. കിംഗ് ഖാലിദ് ആശുപത്രിയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. നജ്റാന്‍ പോലീസിനും അഗ്നി ശമനാസേനാ വിഭാഗത്തിനു മൊപ്പം മേഖലയിലെ മലയാളി സാമൂഹിക പ്രവർത്തകരും സി സി ഡബ്ള്യു എ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.