ലക്നോ: വിവാദങ്ങൾക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ താജ്മഹൽ സന്ദര്‍ശനം. അരമണിക്കൂറോളം താജ്മഹലിനകത്ത് ചെലവഴിച്ച യോഗി ആദിത്യനാഥ് ശുചീകരണ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തു. ഇന്ത്യക്കാരായ തൊഴിലാകൾ ചോര നീരാക്കിയാണ് താജ്മഹൽ നിര്‍മ്മിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
താജ്മഹലിനെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളിൽ നിന്ന് മുഖം രക്ഷിക്കാൻ ശ്രമിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹൽ സന്ദര്‍ശിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി. താജ്മഹലിലെ പടിഞ്ഞാറെ ഗേറ്റിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ യോഗിയ്ക്കൊപ്പം 500 ബിജെപി പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. താജ്മഹലിനകത്ത് അരമണിക്കൂര്‍ തങ്ങിയ ആദിത്യനാഥ് ആഗ്ര കോട്ടയിലേക്കുള്ള വിനോദസഞ്ചാര പാതയ്ക്ക് തറക്കല്ലിട്ടു.
ആഗ്രഹയിലെ ഫത്തേപ്പൂര്‍ സിക്രിയിൽ സ്വിറ്റ്സര്‍ലൻഡ് ദമ്പതികളെ നാട്ടുകാര്‍ മര്‍ദ്ദിച്ചത് യോഗി ആദിത്യനാഥിന് കളങ്കമായി. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. ആശങ്ക അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം യോഗി ആദിത്യനാഥിന് കത്തയച്ചു. അതിനിടെ സ്വകാര്യ സ്ഥാപനങ്ങളെ പങ്കാളിയാക്കി പൈകൃക സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദത്തെടുക്കൽ പദ്ധതിയിൽ താജ്മഹലിനെ ആര്‍ക്കും വേണ്ട.
കുത്തബ് മിനാറടക്കം 14 പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് സ്വകാര്യ സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചു.അതിനിടെ ദില്ലിയിലെ ഹുമയൂൺ ടോംപ് പൊളിച്ച് ഖബറിസ്ഥാൻ പണിയാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ ഷിയ വഫഖ് ബോര്‍ഡ് ചെയര്‍മാൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
