ഡൽഹി: ഭരിക്കുന്ന സർക്കാറിൽ ഏറ്റവും കൂടുതൽ പേർ വിശ്വാസമർപ്പിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് സർവെ റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻ്റ് ഡെവലപ്മെൻറ് (ഒ.ഇ.സി.ഡി) അംഗരാജ്യങ്ങളിൽ നടത്തിയ സർവെയിലാണ് ഇത് പുറത്തുവന്നത്. ഇന്ത്യയിലെ 73 ശതമാനം പേർ രാജ്യത്തെ ഭരണകൂടത്തെ വിശ്വസിക്കുന്നുണ്ടെന്നാണ് സർവെ പറയുന്നത്.
ഇന്ത്യക്ക് പിറകിൽ കാനഡയും (63%) തുർക്കിയും റഷ്യയും(58% വീതം) ജർമനി (55%)യുമാണ്. കഴിഞ്ഞ വർഷം 15 രാജ്യങ്ങളിലായാണ് സർവെ നടത്തിയത്. കുടിയേറ്റ പ്രതിസന്ധി, ബാങ്കുകൾ അടച്ചുപൂട്ടൽ തുടങ്ങിയ പ്രതിസന്ധികൾ അഭിമുഖീകരിച്ച ഗ്രീസ് ആണ് വിശ്വാസത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രാജ്യം.
13 ശതമാനം പേർക്ക് മാത്രമേ ഗ്രീസ് ഭരണകൂടത്തിൽ പ്രതീക്ഷയുള്ളൂവെന്നാണ് സർവെ പറയുന്നത്. ബ്രിട്ടന് 41 ശതമാനത്തിൻ്റെയും ജപ്പാന് 36 ശതമാനത്തിൻ്റെയും അമേരിക്കക്കും സ്പെയിനിനും 30 ശതമാനത്തിൻ്റെയും ഫ്രാൻസിന് 28 ശതമാനത്തിൻ്റെയും വിശ്വാസം നേടാനായിട്ടുള്ളൂവെന്നാണ് സർവെ പറയുന്നത്.
