ഫുട്ബോള്‍ ലോകകപ്പ് വേദികളിലെ ഇന്ത്യക്കാര്‍

ദില്ലി: ലോകകപ്പ് ഫുട്ബോള്‍ കളികാണുമ്പോള്‍ കളത്തിലുളള ടീമുകള്‍ക്കായി ആര്‍പ്പുവിളിക്കുന്ന കാണികള്‍ എല്ലാം അതാത് രാജ്യക്കാര്‍ തന്നെയാവുമോ? അവരില്‍ ഇന്ത്യക്കാരുണ്ടാവുമോ? ഇങ്ങനെ ആലോചിച്ചവര്‍ ഒരുപാടുണ്ടാവും. ടിവി സ്ക്രീനുകളിലും മൊബൈലിലുമായി നിങ്ങള്‍ കാണുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സര വേദികളില്‍ അനേകം ഇന്ത്യക്കാര്‍ കളികാണാനായുണ്ട്. വിവിധ രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് ഇന്ത്യക്കാര്‍ റഷ്യന്‍ ഫുട്ബോള്‍ വേദികളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ടീമുകള്‍ക്കായി ആര്‍ത്തുവിളിക്കുന്നുണ്ട്. 

സ്വന്തം ടീം റഷ്യയില്‍ മത്സരിക്കുന്നില്ലെങ്കിലും വേദികളിലെ ഇന്ത്യന്‍ സന്നിധ്യം വലുതാണ്. ഇതുവരെ ഇന്ത്യക്കാര്‍ പ്രീമിയം ടിക്കറ്റുകള്‍ക്കായി റഷ്യയില്‍ 11 മില്യണ്‍ ഡോളര്‍ ചിലവിട്ടുകഴിഞ്ഞു. നാല് വര്‍ഷം മുന്‍പ് നടന്ന ബ്രസീല്‍ ലോകകപ്പില്‍ ഇന്ത്യക്കാര്‍ ചിലവിട്ടത് ഒന്‍പത് മില്യണ്‍ ഡോളറായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ ആദ്യ 10 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുഎസ്, ജര്‍മ്മനി, അര്‍ജന്‍റീന, മെക്സിക്കോ,ബ്രസീല്‍ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്‍പിലുളള മറ്റ് രാജ്യങ്ങള്‍. ഇന്ത്യക്കാരുടെ ലോകകപ്പ് സാന്നിധ്യവും ചെലവാക്കലും സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത് കട്ടിംഗ് എഡ്ജ് ഈവന്‍റ്സാണ്. ലോകകപ്പ് ഫുട്ബോളിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന ഏജന്‍സിയാണ് കട്ടിംഗ് എഡ്ജ് ഈവന്‍റ്സ്.

പ്രീമിയം ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് 695 ഡോളറാണ് നിരക്ക്. ഇത്തരം ടിക്കറ്റുകള്‍ക്ക് സുഖകരമായ പ്രീമിയം ഇരിപ്പിടങ്ങളും ഭക്ഷണവും പാനീയങ്ങളും ലഭിക്കും. സാധാരണ ജനറല്‍ കാറ്റഗറി ടിക്കറ്റുകളുടെ നിരക്ക് 110 -120 ഡോളറാണ്. 2015 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യക്കാര്‍ ആകെ ചിലവിട്ടത് വെറും രണ്ട് മില്യണ്‍ ഡോളര്‍ മാത്രമാണ്. പ്രീമിയര്‍ ടിക്കറ്റുകള്‍ക്കും താമസ സൗകര്യത്തിനുമായി ഇന്ത്യക്കാര്‍ക്ക് ആകെ ചിലവായ തുകയാണിത്.

എന്നല്‍, റഷ്യയിലേക്ക് പറന്ന എല്ലാവരും ലോകകപ്പ് വേദികളില്‍ എത്തുന്നുണ്ടോ എന്നത് സംശയമാണ്. ലോകകപ്പ് ടിക്കറ്റ് കൈവശമുണ്ടെങ്കില്‍ വിസ പ്രശ്നങ്ങളില്ലാതെ റഷ്യയില്‍ ആര്‍ക്കും പറന്നിറങ്ങാം. ലോകകപ്പ് കഴിയുന്നത് വരെ മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് അനവധി ഇളവുകളും റഷ്യയില്‍ ലഭ്യമാണ് ഈ അവസരം ഒരുപാട് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതായാണ് റഷ്യയില്‍ ടൂറിസം ഓപ്പറേഷനുളള വിവിധ സ്ഥാപനങ്ങളുടെ നിഗമനം. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലും മത്സര നടക്കുന്ന മറ്റ് മേഖലകളിലും ജൂണ്‍- ജൂലൈ മാസങ്ങളിലെ കാലാവസ്ഥ ഏറ്റവും സുഖകരവുമാണ്. 

റഷ്യന്‍ ലോകകപ്പിന് പ്രീമിയം ടിക്കറ്റുകള്‍ വാങ്ങിയതില്‍ സ്തീകളുടെ എണ്ണത്തില്‍ മുന്‍ ലോകകപ്പിനെക്കാള്‍ വര്‍ദ്ധനവുളളതായി കട്ടിംഗ് എഡ്ജ് ഈവന്‍റ്സ് അറിയിച്ചു. ലയോണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കും ഇതെന്നുളള പ്രചാരണം വലിയതോതില്‍ രാജ്യത്തുണ്ടായത് ടിക്കറ്റ് വില്‍പ്പന ഉയരാനുളള മറ്റൊരു കാരണമായിട്ടുണ്ടാവാമെന്ന് ടിക്കറ്റ് വില്‍പ്പന ഏജന്‍സി അധികൃതര്‍ നിരീക്ഷിച്ചു. എഡ്ജ് ഈവന്‍റ്സിന്‍റെ വിവരങ്ങളെ ക്രോഡീകരിച്ച് ഇക്കണോമിക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.