സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച വാര്‍ത്ത പുറത്തു വന്നത് മുതല്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ആശങ്കയിലാണ്. സൗദി അതിര്‍ത്തി അടച്ചതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ആവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കുമെന്ന അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉള്‍പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് അയല്‍രാജ്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ ഉപരോധം ഏതാനും ദിവസങ്ങള്‍ കൂടി തുടരുകയാണെങ്കില്‍ അത് ജന ജീവിതത്തെ കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയാണ് പ്രവാസികള്‍ പ്രധാനമായും പങ്കുവെക്കുന്നത്. പഴം പച്ചക്കറി ഉല്‍പന്നങ്ങളെയും പാല്‍ ഉല്‍പന്നങ്ങളെയുമായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. റംസാനായത് കൊണ്ട് ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്ഷാമം നേരിട്ടാല്‍ അത് ജനജീവിതത്തെ സാരമായി ബാധിച്ചേക്കും. സൗദിക്കും ഖത്തറിനുമിടയില്‍ പോക്കുവരവുകള്‍ തടസ്സപ്പെടുന്നത് റംസാനിലെ ഉംറ തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഒരു വിഭാഗം പങ്കുവെക്കുന്നു. ഖത്തറിനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര തലത്തില്‍ മുമ്പും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിട്ടുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് ഇതാദ്യമായാണ്.

.അതേസമയം ഒരുതരത്തിലുള്ള ആശങ്കകള്‍ക്കും ഇടയില്ലെന്നും ഖത്തറിനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര വിഷയങ്ങള്‍ ബിസിനസിനെയോ തൊഴില്‍ മേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു. 2014 മാര്‍ച്ചില്‍ യു.എ.ഇയും സൗദി അറേബ്യയും ബഹ്‌റൈനും ഖത്തറിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഖത്തറിനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ വില 50 ഡോളറിനു മുകളിലെത്തി. ഖത്തറിനെതിരെയുള്ള ശീത സമരം എണ്ണ വിപണിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ഖത്തര്‍ നേതൃത്വം നല്‍കുന്ന ഒപെക് രാജ്യങ്ങള്‍ കഴിഞ്ഞ മാസം വിയന്നയില്‍ നടന്ന തീരുമാനങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യ അറിയിച്ചു.