തിരുവനന്തപുരം: സ്വച്ഛ് ഭാരതും എല്ലാവര്‍ക്കും ശൗചാലയം പദ്ധതിയുമായി രാജ്യം മുന്നേറുമ്പോൾ ഏറ്റവും വലിയ പൊതു കക്കൂസെന്ന പേരുദോഷം മാറാതെ ഇന്ത്യൻ റെയിൽവെ. പതിനൊന്നാം പദ്ധതികാലത്ത് ആവിഷ്കരിച്ച ബയോ ടൊയ് ലറ്റ് സംവിധാനം വര്‍ഷം ആറുകഴിഞ്ഞിട്ടും നടപ്പായില്ല. രാജ്യത്താകെ 25 ശതമാനം ബോഗികളിൽ മാത്രമാണ് ഇപ്പോഴും ബയോ ടൊയ് ലറ്റുകള്‍ ഉള്ളത്.

ട്രാക്കിൽ നിന്ന് പുറന്തള്ളുന്ന മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങൾ വലിയ അഴുക്കുചാൽ വഴി ഒഴുകി സ്റ്റേഷനു പുറത്തേക്കാണ് പോവുന്നത്. അവിടെ നിന്ന് ജനവാസ കേന്ദ്രങ്ങലിലേക്കും ജലസ്രോതസ്സുകളിലേക്കുമെത്തുന്നു. വ്യക്തിഗത കക്കൂസുകളുടെ എണ്ണം നോക്കി വികസനമളക്കുന്ന നാട്ടിലാണ് വഴിനീളെ വിസര്‍ജ്യം വിതറുന്ന ഈ വൃത്തികേടെന്നോർക്കണം.

പുറമെ പാളത്തിൽ മാത്രമല്ല , അകം കാഴ്ചകളും അറപ്പുണ്ടാക്കുന്നത് തന്നെ. പൊട്ടിയൊലിച്ചും നിറഞ്ഞു കവിഞ്ഞുമുള്ള കക്കൂസുകൾ. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ മാലിന്യം റെയിൽവെ ട്രാക്കിലേക്കൊഴുക്കുന്നുണ്ടെന്നാണ് സന്നദ്ധ സംഘടനയുടെ പഠനം. പാളത്തിലേക്ക് തുറക്കുന്ന കക്കൂസുകള്‍ മാറ്റാൻ റെയിൽവെ 2011 ലാണ്. പദ്ധതിയുണ്ടാക്കിയത്. ഇതിനായി 4000 കോടി വകയിരുത്തി. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറവും സംഗതി ട്രാക്കിലായിട്ടില്ല.

തിരുവനന്തപുരം ഡിവിഷനിലെ 1700 കോച്ചുകളിൽ 320 എണ്ണത്തിൽ മാത്രമാണ് ഭാഗികമായെങ്കിലും ബയോ ടൊയ്‌ലറ്റുള്ളത്. ഇന്ത്യയിലെ ആകെ കണക്കെടുത്താൽ ബയോ ടോയ്‌ലെറ്റുള്ള കോച്ചുകളാകട്ടെ 25 ശതമാനത്തിൽ താഴെ മാത്രവും. പദ്ധതിയുടെ വിജയസാധ്യത മുതൽ പ്രവര്‍ത്തന ചെലവിൽ വരെ ആശങ്ക നിലവിലുള്ളപ്പോൾ തന്നെ 2019 ൽ പൂർത്തിയാക്കുമെന്നാണ് പുതിയ വാഗ്ദാനം.