ദില്ലി: ദില്ലി വിമാനത്താവളത്തില്‍ യാത്രക്കാരനെ ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്‍ വലിച്ചിഴച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി ഇന്‍ഡിഗോ എയര്‍ലൈന്‍. കഴിഞ്ഞ മാസമാണ് ചെന്നൈയില്‍ നിന്ന് ദില്ലിയിലേയുള്ള വിമാനയാത്രയ്ക്കിടെ തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരനെ ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കയ്യേറ്റശ്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ എയര്‍ലൈന്‍ അധികൃതര്‍ തയ്യാറായത്.

കഴിഞ്ഞ ഒക്ടോബര്‍ 15 ന് ദില്ലി വിമാനത്താവളത്തില്‍ രാജീവ് കട്ട്യാല്‍ എന്ന യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്യുകയും നിലത്ത് തള്ളിയിടുകയും ചെയ്തിരുന്നു. യാത്രക്കാരന് നേരിട്ട ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ കുറ്റക്കാര്‍ക്ക് നേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും വിശദമാക്കി.

സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം നടത്തുമെന്നും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് വ്യക്തമാക്കി. സംഭവം വീഡിയോ എടുത്ത ഉദ്യോഗസ്ഥനെതിരെയും ഇന്‍ഡിഗോ നടപടി എടുത്തതായി സൂചനയുണ്ട്. നേരത്തെ ബാഡ്മിന്റന്‍ താരം പി വി സിന്ധു ഇന്‍ഡിഗോ ഗ്രൗണ്ട് ഡ്യൂട്ടി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട ദുരനുഭവം ട്വിറ്ററില്‍ വിശദീകരിച്ചിരുന്നു.