ദില്ലി:​ രാജ്യത്തെ ഏറ്റവും മോശമായ വിമാന സർവ്വീസ് ഇൻഡി​ഗോയുടേതെന്ന് റിപ്പോർട്ട്. പാർലമെന്ററി കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർ‌ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അമിത ചാർജ് കമ്പനി ഇടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

യാത്രക്കാർ നൽകുന്ന പരാതികൾക്ക് പോലും കൃത്യമായ നടപടി സ്വീകരിക്കാൻ കമ്പനി തയ്യാറാകുന്നില്ലെന്ന് കമ്മറ്റി അം​ഗവും തൃണമുൽ എം പിയുമായ ഡെറിക് ഒബ്രേയ്ന്‍ ആരോപിച്ചു. 'ഇൻഡി​ഗോ ഉപഭോക്താക്കളോട് മോശമായാണ് പെരുമാറുന്നതെന്ന് കമ്മറ്റിക്ക് വ്യക്തമാണ്. 1-2 കിലോ​ഗ്രാം ഓവർ വെയ്റ്റിന് പോലും കമ്പനി അധികമായാണ് ചാർജ് ഇടാക്കുന്നത്. പാർലമെന്റ് കമ്മിറ്റി ഇക്കാര്യം ​ഗൗരവത്തിൽ എടുക്കണം'-ഡെറിക് ഒബ്രേയ്ന്‍ പറഞ്ഞു.

ഇതോടെ ഈ വർഷം രണ്ടാം തവണയാണ് ഇൻ​ഡി​ഗോക്കെതിരെ ആരോപണവുമായി സമിതി രം​ഗത്തെത്തുന്നത്. നേരത്തെ ജനുവരി 17നാണ് ഇന്‍ഡിഗോ അടക്കമുള്ള കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി ഇതേ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഏവിയേഷൻ രം​ഗത്ത് നിരവധി പ്രശ്നങ്ങൾ നില നിൽക്കുന്നെന്നും അടിസ്ഥാന നിരക്കിന്റെ 50 ശതമാനത്തില്‍ കൂടുതലാകരുത് ക്യാന്‍സലേഷന്‍ ചാര്‍ജെന്നും ഒബ്രേയിന്‍ പറയുന്നു. ടാക്സും ഇന്ധന സർചാർജും യാത്രക്കാർക്ക് റീഫണ്ട് ചെയ്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.