ദില്ലി: കോണ്‍ഗ്രസ് നേതാവും തന്റെ മുത്തശ്ശിയുമായ ഇന്ധിരാഗാന്ധി രാജ്യത്തിന്റെ അമ്മയായിരുന്നുവെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. നൂറാം പിറന്നാള്‍ ദിനത്തില്‍ ഇന്ധിരയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു വരുണ്‍ ഗാന്ധി.

ധൈര്യമാണ് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം, കാരണം ധൈര്യമില്ലെങ്കില്‍ മനുഷ്യന്റെ മറ്റൊരു ഗുണങ്ങളും പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. അങ്ങനെ ഒരു ധൈര്യത്തിന്റെ പ്രതീകമാണ് ഇന്ധിര. അതുകൊണ്ട് തന്നെയാണ് ആ വനിത രാജ്യത്തിന്റെ അമ്മയാകുന്നതും- വരുണ്‍ ട്വീറ്റ് ചെയ്തു.

കൈക്കുഞ്ഞായപ്പോള്‍ തന്നെ എടുത്തു നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വരുണിന്റെ ട്വീറ്റ്. നൂറാം ജാന്മദിനമായ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ധിരയെ അനുസ്മരിച്ചു. രാഹുലും സോണിയയുമാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ആദ്യ വനിത പ്രാധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ അനുസ്മരണം നടത്തി. 1917 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ഇന്ധിരാഗാന്ധിയുടെ ജനനം.